01:31am 06 September 2026
NEWS
വടകര എംഡിഎംഎ കേസിൽ അധ്യാപിക കീർത്തനയ്ക്ക് ജാമ്യം
05/09/2026  09:55 PM IST
nila
വടകര എംഡിഎംഎ കേസിൽ അധ്യാപിക കീർത്തനയ്ക്ക് ജാമ്യം

കൊച്ചി: വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതിയായ സ്പെഷ്യൽ എജ്യുക്കേറ്റർ കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ അന്വേഷണം ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കീർത്തനയ്ക്ക് മുൻപ് ക്രിമിനൽ കേസുകളൊന്നുമില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

ജാമ്യവ്യവസ്ഥയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ല. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

അധ്യാപകരെ ഇടനിലക്കാരാക്കി ലഹരി വ്യാപാരം നടത്തിയെന്നാണ് കേസ്. കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടികൂടിയതോടെയാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണമാണ് അധ്യാപികമാരിലേക്കും എത്തിയത്.

പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്ററും മരുതോങ്കര സ്വദേശിയുമായ കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിലെ ഓട്ടിസം സെന്ററിൽ അധ്യാപികയായ കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. നീഷ്മ (30), ഇരിട്ടി സ്വദേശി ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാക്കോസ്, സഫ്‌വാൻ എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img